ബാങ്കിനു മുന്നിൽ മോഷണം.. ഒന്നര ലക്ഷത്തോളം രൂപ കവർന്നു…
പാറശ്ശാല: ബാങ്കിൽ അടയ്ക്കുന്നതിനായി കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ ബാങ്കിന് മുന്നിൽ നിന്നയാൾ കവർന്നതായി പരാതി. കളിയിക്കാവിളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ വഞ്ചിനാട് ഫൈനാൻസിലെ ജീവനക്കാരനും പനങ്കാല സ്വദേശിയായ ശ്രീ പ്രകാശിന്റെ ബാഗിൽ നിന്നാണ് 1,46,340 രൂപ മോഷണം പോയത്. പാറശാല ഓട്ടോ സ്റ്റാൻഡിന് സമീപത്തെ എസ്.ബി.ഐയുടെ ടൗൺ ബ്രാഞ്ചിന് മുന്നിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം.പണവുമായി ബാങ്കിന് മുന്നിൽ കാത്ത് നിൽക്കവെ ശ്രീപ്രകാശിന്റെ അടുത്തെത്തിയ രണ്ടു പേരിൽ ഒരാൾ തമിഴും മലയാളവും കലർന്ന ഭാഷയിൽ വഴി ചോദിക്കുകയും ഇത് പറഞ്ഞുകൊടുക്കവേ പിന്നിൽ നിന്നിരുന്ന രണ്ടാമൻ ശ്രീപ്രകാശിന്റെ മുതുകിൽ തൂക്കിയിരുന്ന ബാഗ് തുറന്ന് പണവുമായ കടന്നുകളയുകയുമായിരുന്നു. പിന്നീട് ബാങ്കിനുള്ളിൽ എത്തി പണം അടയ്ക്കാൻ നോക്കിയപ്പോഴാണ് പണം നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ബാങ്കിലെ അധികൃതരെ വിവരം അറിയിച്ച ശേഷം സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന രീതി കണ്ടെത്തിയത്. ഉടൻതന്നെ ശ്രീപ്രകാശ് പാറശാല സ്റ്റേഷനിൽ എത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.