ഭദ്രകാളി തിരുമുടി പൂർണ്ണതയിലേക്ക്
മാവേലിക്കര- പന്മന തെക്കൻ കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലേക്ക് തയ്യാറാക്കിയ ഭദ്രകാളി തിരുമുടി മാവേലിക്കരയിൽ പൂർണ്ണതയിലേക്ക് എത്തുന്നു. സംസ്ഥാന അവാർഡ് ജേതാവും ചിത്രകാരനും അധ്യാപകനും ദേവ ശില്പിയുമായ സുനിൽ തഴക്കരയാണ് ദേവപ്രശ്ന വിധിപ്രകാരം ഭദ്രകാളി തിരുമുടി നിർമ്മിച്ചത് .വിധിപ്രകാരം ലക്ഷണമൊത്ത വരിക്ക പ്ലാവ് കണ്ടെത്തി ക്ഷേത്ര തന്ത്രി വൃക്ഷ പൂജ ചെയ്ത് വെട്ടിയെടുത്ത് ഉത്തമമായ കണക്കിൽ ആചാരപ്രകാരം വ്രതനിഷ്ഠയോടെ ആറ് മാസം കൊണ്ടാണ് തിരുമുടിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. വലിയ ചന്ദ്രക്കലയും അഷ്ടനാഗങ്ങളും കാതിൽ തോടയായി സിംഹ വ്യാളിയും മദഗജത്തെയും, പവിത്ര കെട്ടോടുകൂടിയ നാഗങ്ങളെയും അതിരൗദ്ര ഭാവത്തോട് കൂടിയ നാവ് നീട്ടിയ ഉഗ്രസ്വരൂപിണിയായ മഹാകാളിയെയും ഏറെ പ്രത്യേകതകളോടുകൂടി അതിസൂക്ഷ്മമായി ചെയ്തിട്ടുണ്ട്.
സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്, മലബാർ ദേവസ്വം ബോർഡിന്റെ സംസ്ഥാന ദാരുശിൽ പുരസ്കാരം, വെട്ടിയാർ പള്ളിയറക്കാവിലമ്മ പുരസ്കാരം ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം തുടങ്ങി നിരവധി ആദരവുകൾ ലഭിച്ചിട്ടുണ്ട്. സുനിൽ തഴക്കര മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ സൈനിക് സ്കൂളിലെ ചിത്രകലാ അധ്യാപകനാണ്. നിറച്ചാർത്തോടുകൂടി പൂർത്തിയാക്കുന്ന ഭദ്രകാളി തിരുമുടി മാർച്ച് 25 ന് ഉച്ചക്ക് മൂന്നുമണിക്ക് ക്ഷേത്ര ഭാരവാഹികൾ ഏറ്റുവാങ്ങി തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി പന്മന തെക്കൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.