എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി… വിദ്യാർത്ഥിക്ക്….
തിരുവനന്തപുരം: തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി
എസ് എഫ് ഐ പ്രവർത്തകനായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കഴക്കൂട്ടം മേനംകുളം സ്വദേശിയുമായ അനിരുദ്ധിന് (20) നേരെയാണ് ആക്രമണം ഉണ്ടായത്. തടി കഷ്ണം ഉപയോഗിച്ചും അല്ലാതെയും ശരീരമാസകലം ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന് വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനിരുദ്ധ്.
ടോയ്ലെറ്റിന് സമീപം നിൽക്കുകയായിരുന്ന അനിരുദ്ധിനെ കെ എസ് യു പ്രവർത്തകരായ സച്ചിൻ, മ്യദുൽ, ടിജോ എന്നിവർ മർദ്ദിക്കുകയായിരുന്നുവെന്ന് അനിരുദ്ധ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ കെ എസ് യു പ്രവർത്തകരും രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളുമായ സച്ചിൻ, മൃദുൽ, ടിജോ എന്നിവർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ നടന്ന വാക്കേറ്റവും പ്രതിഷേധവുമൊക്കെയാണ് സെൻ്റ് സേവിയേഴ്സ് കോളേജിലെ അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.