ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം വീണ്ടും മാറ്റി
സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം വീണ്ടും മാറ്റി. ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനമാണ്, വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയത്. കോഴിക്കോട് എന്‍ഐടിയിലെ വിദ്ഗദരുടെ സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനമെന്ന് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
എന്‍ഐടിയിലെ പ്രൊഫസര്‍മാര്‍ പരിശോധനയ്ക്കായി അടുത്തയാഴ്ച ആക്കുളത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധന രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഗ്ലാസ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കു.