പൂക്കോട് വെറ്റിനറി കോളേജ് വീണ്ടും തുറന്നു.. പുതിയ പരിഷ്കാരങ്ങൾ…
വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വീണ്ടും തുറന്നു. സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്ന് കോളേജിലേക്ക് തുടർച്ചയായി പ്രതിഷേധമെത്തിയതോടെ മാർച്ച് നാലിനായിരുന്നു ക്യാമ്പസ് അടച്ചത്. ക്ലാസുകൾ തുടങ്ങിയെങ്കിലും ക്യാമ്പസ് സാധാരണപോലെയാവാൻ സമയമെടുക്കും. ഹോസ്റ്റലിൽ കൂടുതൽ പരിഷ്കാരം കൊണ്ടുവന്നു. അഞ്ചിടത്ത് പുതിയ ക്യാമറകൾ വച്ചു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ 24 മണിക്കൂറും ഹോസ്റ്റലിലേക്കും ക്ലാസുകളിലേക്കും വിദ്യാർത്ഥികൾക്ക് പോകാം. ഇത് നിയന്ത്രിക്കാൻ ആലോചനയുണ്ട്. ക്യാമ്പസിലെ കുന്നിൻ മുകളിലടക്കം രാത്രി വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. സുരക്ഷ മുൻനിർത്തിയുള്ള ക്രമീകരണമാണ് ആലോചിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യവും വന്യ മൃഗ ശല്യവുമുള്ള മേഖലയിലാണ് കോളേജ്. ഇത് കൂടി കണക്കിലെടുത്താകും തീരുമാനം.