സമരം കടുപ്പിക്കാൻ കർഷകർ… ട്രെയിന്‍ തടയല്‍ സമരം….

പഞ്ചാബിലും ഹരിയാനയിലും 60 ഇടങ്ങളിൽ ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രതിഷേധം. രണ്ടാം കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് ട്രെയിനുകള്‍ തടയുക. പ്രതിഷേധം നേരിടുന്നതിന്‍റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രശ്‌നങ്ങൾ രൂക്ഷമാകാതിരിക്കാൻ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

ചുരുങ്ങിയ താങ്ങുവിലക്ക് പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവയുടെ മാത്രം സംഭരണം ഏറ്റെടുക്കാമെന്ന കേന്ദ്ര നിർദേശത്തെ സംയുക്ത കിസാൻ മോർച്ച നിരസിച്ചതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നത്. എല്ലാ വിളകൾക്കും കേന്ദ്ര സർക്കാർ ചുരുങ്ങിയ താങ്ങുവില നൽകണമെന്ന് കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ വ്യക്തമാക്കി.

കർഷകരുടെ നിലനിൽപ്പിന് സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത ഫോർമുല പ്രകാരം എല്ലാ വിളകൾക്കും താങ്ങുവില അനിവാര്യമാണ്. എല്ലാ വിളകൾക്കും താങ്ങുവില നൽകാൻ വൻ തുക ചെലവഴിക്കേണ്ടി വരുമെന്നാണ് സർക്കാർ വാദം. പക്ഷെ, സർക്കാർ 1.38 ലക്ഷം കോടി രൂപയുടെ പാമോയിൽ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നതിൽ മാത്രമാണ് പ്രശ്നമെന്നും ദല്ലേവാൾ പറഞ്ഞു.

Related Articles

Back to top button