ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു… പ്രതി അറസ്റ്റില്‍….
ഇടുക്കി: ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശിയായ രാജനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി അട്ടപ്പള്ളം സ്വദേശി കരിപ്പാനത്തറയിൽ ജിത്തു (22) വാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് ചെണ്ടമേളത്തിന് എത്തിയതായിരുന്നു ജിത്തു. ഇവിടെ വെച്ച് രാജനുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും അനുനയിപ്പിച്ച് വിട്ടു. കുറച്ച് സമയത്തിന് ശേഷം വീണ്ടും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും രാജൻ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിത്തുവിനെ കുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ജിത്തുവിനെ വണ്ടിപ്പെരിയാർ ആശുപത്രിയിലും തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ രാജനും ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.