മോദിയുടെ ‘കുഞ്ഞൻ’ രൂപം… കൗതുകം…
തിരുവനന്തപുരം: അഞ്ച് മില്ലിമീറ്റർ മാത്രം നീളമുള്ള നരേന്ദ്ര മോദിയുടെ ശില്പം. ശില്പത്തിന്റെ ഭംഗി നഗ്നനേത്രങ്ങളിലൂടെ കാണാനാവില്ല. സൂഷ്മദർശിനിയിലൂടെ തന്നെ നോക്കണം. കഴിഞ്ഞ ദിവസം ഈ വിസ്മയ ശില്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമ്പോൾ നാനോ ശില്പി ഡോ. ഗണേഷ് സുബ്രഹ്മണ്യത്തിന് അഭിമാന നിമിഷമായിരുന്നു. ക്ലേയിലും വാട്ടർ കളറിലും നിർമ്മിച്ച മോദി ശില്പം മൊട്ടുസൂചിക്ക് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. തൻ്റെ പൂർണകായ ‘കുഞ്ഞൻ’ മാതൃക ലെൻസിലൂടെ നോക്കിക്കണ്ട സാക്ഷാൽ നരേന്ദ്ര മോദിയും അത്ഭുതപ്പെട്ടു.സ്വർണത്തരികളിൽ കുഞ്ഞൻ ശില്പങ്ങൾ നിർമിക്കുന്ന ഡോ. ഗണേഷ് സുബ്രഹ്മണ്യം നേരത്തെ തന്നെ വാർത്തകളിൽ ഇടംനേടിയ ആളാണ്. ഉത്രാടംതിരുനാൾ മാർത്താണ്ഡവർമ്മയ്ക്ക് മോതിരത്തിനുള്ളിൽ ശ്രീപത്മനാഭ സ്വാമിയുടെ അനന്തശയനം, മുൻ രാഷ്ട്രപതി ഡോ. എ.പി ജെ അബ്ദുൾ കലാമിന് മൂന്ന് മില്ലീമീറ്റർ വലിപ്പമുള്ള ടിപ്പുവിൻ്റെ പീരങ്കിയുടെ മാതൃക, മോഹൻലാലിന് മോതിരത്തിനുള്ളിൽ കടുകുമണിയോളം പോന്ന നടരാജ വിഗ്രഹം തുടങ്ങിയവ ഗണേശ് ഉണ്ടാക്കിയിട്ടുണ്ട്.പരമ്പരാഗത സ്വർണപ്പണിക്കാരനാണ് പൂജപ്പുര ചാടിയറ കമലാ നിവാസിൽ ഡോ. ഗണേഷ് സുബ്രഹ്മണ്യം . ഗണേഷിൻ്റെ കുഞ്ഞൻ ശില്പങ്ങൾ പരിഗണിച്ച് അമേരിക്കയിലെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. 19 വർഷത്തെ സൂക്ഷമ പരിശ്രമമുണ്ട് ഗണേഷിൻ്റെ നാനോ ശില്പകലയ്ക്ക്.മക്ക മദീന, ക്രിസ്തു, കഥകളി, ഗ്രാമഫോൺ, സ്റ്റാച്യു ഒഫ് ലിബർട്ടി തുടങ്ങി നിരവധി ശില്പങ്ങൾ ഗണേഷിന്റെ ‘നാനോ ക്രാഫ്റ്റ് ആർട്ട് ഗാലറി’യിലുണ്ട്. ഏറ്റവും ചെറിയ നമ്പർ ലോക്ക് നിർമ്മിച്ചതിനുള്ള ലോക റെക്കോർഡ് ഗണേഷിനാണ്.