കോൺഗ്രസിനെതിരെ ധീവരസഭ… വലിയ വില നൽകേണ്ടി വരും….
ടി.എൻ പ്രതാപനെ തൃശൂരിൽ മത്സരിപ്പിക്കാത്തതിൽ അതൃപ്ത്തിയുമായി ധീവരസഭ. ധീവര സമൂഹത്തെ അവഗണിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് ധീവരസഭ പറഞ്ഞു. ധീവരസമുദായത്തെ പൂർണ്ണമായും അവഗണിക്കുന്നത് ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ധീവരസഭ വ്യക്തമാക്കി.2019ൽ നൽകിയ സീറ്റ് 2024 ആയപ്പോൾ കോൺഗ്രസ് തിരിച്ചെടുത്തത് അംഗീകരിക്കാൻ ആവില്ല. ഇതിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ധീവരസഭയുടെ പ്രതികരണം. നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെ മറ്റെന്തോ ഉദ്ദേശത്തിനാണ് ഒഴിവാക്കിയത്. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കുമെന്നും അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി വ്യക്തമാക്കി.തൃശൂരിൽ ആദ്യം ടി.എൻ പ്രതാപനാകും കോൺഗ്രസ് സ്ഥാനാർത്ഥിയെന്നായിരുന്നു പുറത്ത് വന്ന അഭ്യൂഹങ്ങൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ തന്നെ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞ് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തുന്നത്.