പ്രചാരണ സന്ദര്‍ശനത്തിന് ആളുകുറഞ്ഞു…ക്ഷുഭിതനായി സുരേഷ് ഗോപി….
തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണ സന്ദര്‍ശനത്തിനിടെ ആളുകുറഞ്ഞതിന് പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായി ബി.ജെ.പി നേതാവ് സുരേഷ് ഗോപി. സന്ദർശത്തിനെത്തിയ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതോടെ അദ്ദേഹം സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. ശാസ്താംപൂവ് ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
കോളനിയിലെത്തിയപ്പോൾ പ്രദേശത്ത് ആളുകളുടെ എണ്ണം കുറവായിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം ക്ഷുഭിതനാക്കിയത്. കൂടാതെ, 25 പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ അദ്ദേഹം വീണ്ടും ദേഷ്യപ്പെട്ടു. സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു. നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നും താന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇതോടെ, ഇന്നുതന്നെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ക്കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ അനുനയിപ്പിക്കുകയായിരുന്നു.