എബ്രഹാമിന്‍റെ കുടുംബത്തിന് 10 ലക്ഷം നല്‍കി.. രണ്ട് ആൺമക്കൾക്കും ജോലി…
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. എബ്രഹാമിന്‍റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കും. രണ്ട് ആൺമക്കൾക്കും താൽക്കാലിക ജോലി നൽകാൻ സർക്കാർ തയ്യാറാണെന്നും അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ഏപ്രിൽ ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വന്യമൃഗ ശല്യം തടയാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയാണ് നാട്ടുകാര്‍. എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ് വന്നിരുന്നു. മയക്കുവെടി വച്ച് പിടികൂടാൻ സാധിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ പറയുന്നത്. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.