കിലോമീറ്ററുകളോളം ചേസിംഗ്.. തട്ടികൊണ്ടുപോകൽ കേസിലെ പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്…
കോഴിക്കോട്: പേരാമ്പ്രയില്‍ രണ്ടുപേരെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളിൽ ഒരാൾ പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസ് ആണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മേപ്പയാര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരെയാണ് ചൊവ്വാഴ്ച രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ഇരുവരുമായി വയനാട്ടിലേക്കാണ് പ്രതികള്‍ പോയത്. വഴിയിൽവെച്ച് മെഹനാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പുറത്തിറങ്ങുകയും ബഹളം വച്ച് ആളെ കൂട്ടുകയുമായിരുന്നു. ഇതോടെ പ്രതികള്‍ ഇയാളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീണ്ടും യാത്ര തുടരുന്നതിനിടെ മീനങ്ങാടി പഞ്ചമി കോളനി ഭാഗത്ത് വെച്ച് മുഹമ്മദ് അസ്ലമും കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. മുഹമ്മദ് അസ്ലം നേരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിലും എത്തി. ഇതിനിടെ യുവാക്കളെ തട്ടിക്കൊണ്ടുപോയ ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ മീനങ്ങാടി സ്റ്റേഷന് മുന്നിലൂടെ പോയപ്പോള്‍ പൊലീസ് ഇവരെ ഏറെ ദൂരം പിന്തുടര്‍ന്നിരുന്നു. കിലോമീറ്ററുകളോളം പൊലീസ് തങ്ങളെ ചേസ് ചെയ്ത് വരുന്നത് കണ്ട പ്രതികള്‍ വാഹനം വഴിയില്‍ ഉപേക്ഷിച്ച് വീണ്ടും മുങ്ങി. തുടര്‍ന്ന് നടത്തിയ ഊര്‍ജ്ജിതമായ തിരച്ചിലിലാണ് പ്രതികളിലൊരാളെ പിടികൂടാൻ പൊലീസിനായത്. കാറും പൊലീസ് പിടിച്ചെടുത്തു. കേസില്‍ ഇനിയും ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.