നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം…ഭര്‍ത്താവ്….
തിരുവനന്തപുരം: നവവധുവിന്റെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ. വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2023 ജൂണ്‍ രണ്ടിനാണ് വിപിന്റെ ഭാര്യയായിരുന്ന സോന ആത്മഹത്യ ചെയ്തത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രമുള്ളപ്പോള്‍ ആയിരുന്നു സോനയുടെ മരണം. ഭര്‍ത്താവ് വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ ആയിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിരുന്നു. എന്നാല്‍ മറ്റ് നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സോനയുടെ പിതാവ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അന്നത്തെ ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.
ഒന്നര വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിപിന്‍ സോനയെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ സോന നേരിട്ടതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് എട്ട് മാസത്തിനുശേഷം വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വിപിന് മാത്രമല്ല വിപിന്റെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് സോനയുടെ കുടുംബം ആരോപിച്ചു.