പ്രതിഷേധം അവസാനിപ്പിച്ചു… കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും തീരുമാനം….

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച അബ്രഹാമിന്റെ കുടുംബവുമായി കളക്ടറും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചതായി എംകെ രാഘവന്‍ എംപി പറഞ്ഞു. അബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറും. രണ്ടര കിലോമീറ്ററില്‍ ഫെന്‍സിങ് ആരംഭിക്കും. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചയോടെ സംസ്‌കരിക്കുമെന്നും എംപി അറിയിച്ചു.

അബ്രഹാമിന്റെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ 8 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടങ്ങും. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് സിസിഎഫ് പുറത്തിറക്കിയ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കളക്ടറും എബ്രഹാമിന്റെ ബന്ധുക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ബന്ധുക്കള്‍ക്ക് ഇന്ന് തന്നെ 10 ലക്ഷം രൂപ നല്‍കും. 50 ലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കാനുള്ള ശുപാര്‍ശയും സര്‍ക്കാരിന് നല്‍കും. കോഴിക്കോട് എംപി എംകെ രാഘവന്‍, ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തുടങ്ങിയവരും കലക്ടറുടെ വസതിയില്‍ വെച്ച് ചേര്‍ന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ കക്കയം പള്ളിയിലാണ് എബ്രഹാമിന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button