രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം…പ്രതിയുമായി തെളിവെടുപ്പ് നടത്തി…
തിരുവനന്തപുരം: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസ്സൻകുട്ടിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടിയെടുത്ത സ്ഥലത്തും തിരികെ ലഭിച്ച സ്ഥലത്തുമടക്കം തെളിവെടുപ്പ് നടന്നു.
പ്രതി ഹസ്സൻകുട്ടിയെ ഇന്നലെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ചതോടെയാണ് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓൾ സെയ്ന്റ്സ് കോളേജിൻ്റെ പിറകുവശം, പ്രതി കുട്ടിയുമായി നടന്നുപോയെന്ന് കണ്ടെത്തിയ റെയിൽവേ പാളം, സമീപ പ്രദേശങ്ങൾ, കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസിന് പുറകിലുള്ള ഓടയും പരിസര പ്രദേശങ്ങളും. തെളിവെടുപ്പ് ഇങ്ങനെ നീണ്ടു. തെളിവെടുപ്പ് നാളെയും നീളുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ശിശുക്ഷേമ സമിതി കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. ഡി.എൻ.എ പരിശോധനയിൽ കുട്ടിക്കൊപ്പമുള്ളവർ തന്നെയാണ് യഥാർത്ഥ മാതാപിതാക്കളെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.