രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം… മാതാപിതാക്കൾക്ക് കൈമാറി….
തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയ രണ്ട് വയസുകാരിയെ മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞ 17 ദിവസമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. കുട്ടിയുമായി മാതാപിതാക്കൾ ഇന്ന് തന്നെ ഹൈദരാബാദിലേക്ക് പോകും. കഴിഞ്ഞ ദിവസം കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം വന്നിരുന്നു.
കുട്ടി ബിഹാര്‍ സ്വദേശികളുടേത് ആണെന്ന് ഡിഎന്‍എ ഫലം വന്നതോടെയാണ് പൂജപ്പുരയിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയത്. കുട്ടിയെ തിരികെ കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. കേരളത്തിന് നന്ദിയുണ്ടെന്നും എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസനെ കൊല്ലത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസൻ താമസിക്കുന്നത്. പോക്സോ കേസ് പ്രതിയാണ് ഇയാൾ. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.