എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപികമാരുടെ ഫോണുകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: നെടുമുടിയിൽ എസ്എസ്എൽസി പരീക്ഷാ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കിടയിലാണ് സംഭവം. രണ്ട് അധ്യാപികമാരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.വളരെയധികം സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടത്തുന്നത്. ചോദ്യപ്പേപ്പർ ചോർച്ച തടയാനും പരീക്ഷ ഏറ്റവും സുതാര്യമായി നടത്തുന്നതിനുമാണിത്. പരീക്ഷാ ഹാളിനകത്ത് മൊബൈൽ ഫോൺ, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾക്കെല്ലാം വിലക്കുണ്ട്. അധ്യാപകരും ഈ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. എന്നാൽ ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ പക്കലുണ്ടായിരുന്ന ഫോണുകൾ പിടിച്ചെടുത്തത്. ഇവരിൽ നിന്ന് വിശദീകരണം തേടുമെന്നാണ് വിവരം.