ഡെങ്കിപ്പനി കേസുകൾ കൂടുന്നു… കുട്ടികളിൽ പനിയും ചുമയും….

തിരുവനന്തപുരം: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതാപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി കാണുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കി. മഴയുണ്ടായാല്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.കുട്ടികളില്‍ പൊതുവേ പനിയും ചുമയും തുടങ്ങി ഇന്‍ഫ്‌ളുവന്‍സയും കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. ശ്വാസ തടസമുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം. വെള്ളത്തിന് ക്ഷാമം വരുന്നതിനാല്‍ ഏറെ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൂടുകൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണം വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. വാട്ടര്‍ തീം പാര്‍ക്കുകളില്‍ പകര്‍ച്ചവ്യാധികളുണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം.

Related Articles

Back to top button