തട്ടിപ്പ് കേസ്.. കെ സുധാകരനെതിരെ കുറ്റപത്രം…
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെതിരെ കുറ്റപത്രം. കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ മൂന്നുപേർ മാത്രമാണ് പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് കേസിലെ മൂന്നാം പ്രതി. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. പുരാവസ്തു ഇടപാടിന്റെ ഭാഗമായി നിരവധി പേർ മോൻസനു നൽകിയ 25 ലക്ഷം രൂപയിൽ പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്. ഇതിൽ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സുധാകരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുൻകൂർ ജാമ്യമുണ്ടായതിനാൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. അടുത്ത കുറ്റപത്രത്തിൽ കൂടുതൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കെ സുധാകരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്.