ലോക്‌സഭാ തിരഞ്ഞെടുപ്പ്… ബി.ജെ.പി വാരിയെറിഞ്ഞത് കോടികൾ….

ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ ഇന്റർനെറ്റിൽ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികൾ. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയിൽ രാജ്യം ഭരിക്കുന്ന പാർട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളിൽ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെയും മുന്നിൽകണ്ടും കോടികൾ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.

ഗൂഗിൾ സെർച്ച്, യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നൽകിയത്. ലക്ഷക്കണക്കിനു വെബ്‌സൈറ്റുകൾ, യൂട്യൂബ് ഉൾപ്പെടെയുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകൾ, വിവിധ ആപ്പുകൾ എന്നിവയിലൂടെയെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്. 12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതിൽ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവിട്ടത്.

കേരളം, തമിഴ്‌നാട്, തെലങ്കാന, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക ചെലവിട്ടത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു വേണ്ടിയായിരുന്നു. ഇതിൽ തന്നെ ബി.ജെ.പി സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു പ്രധാന ശ്രദ്ധ നൽകിയിട്ടുള്ളത്. ഇതിനു പുറമെ ഡൽഹി, പഞ്ചാബ് ഉൾപ്പെടെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങൾക്കായും ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.

Related Articles

Back to top button