ഇന്ദിരയുടെ മൃതദേഹം പിടിച്ചെടുത്ത് പൊലീസ്.. ആശുപത്രിയിലേക്ക് മാറ്റി…
കൊച്ചി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി ആംബുലൻസിലേക്ക് മാറ്റി ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമര്‍ശിച്ചു. കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടര്‍ തയ്യാറായില്ല. കളക്ടറെ സര്‍ക്കാര്‍ തടയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. റോഡിൽ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പൊലീസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പൊലീസുകാര്‍ ഇവിടെ നിന്നും വലിച്ചുമാറ്റിയത്.