‘ശേഖരൻ’ ഓടിയത് 5 കിലോമീറ്റർ.. തളച്ചത് മൂന്നരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ…
പാലക്കാട്: ലോറിയിൽ നിന്ന് വിരണ്ടോടിയ നാട്ടാനയെ തളച്ചത് മൂന്നരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ. പട്ടാമ്പി നേർച്ച കഴിഞ്ഞ് തിരിച്ചു കൊണ്ടു പോകുകയായിരുന്ന അക്കരമേൽ ശേഖരൻ എന്ന നാട്ടാനയാണ് പുലർച്ചെ 4 മണിക്ക് വടക്കേമുറിയിൽ വെച്ച് ലോറിയിൽ നിന്നും പുറത്ത് ചാടിയത്.വിരണ്ടോടിയ ആനയ്ക്ക് മുന്നിൽ പെട്ട കോയമ്പത്തൂർ സ്വദേശി രാമസ്വാമി എന്ന ആട്ടിടയന് പരിക്കേറ്റു. ആനയുടെ പരാക്രമത്തിൽ രണ്ട് പശുക്കളും ഒരാടും ചത്തു. പ്രദേശത്തെ വീടുകളും കടയും ആന തകർത്തു. പിന്നീട് വടക്കുമുറിയിൽ നിന്നും 5 കിലോമീറ്റർ അകലെ അമ്പാട് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന എങ്ങനെ ലോറിയിൽ നിന്ന് പുറത്ത് ചാടി എന്നതിൽ വ്യക്തത ഇല്ലെന്നാണ് പാപ്പാൻ പറയുന്നത്. കേരള ഫെസ്റ്റിവൽ കോഡിനേഷൻ കമ്മറ്റിയുടെ കുന്നംകുളം മേഖല എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്.