ആശ ശരത്തിന്റ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്…ശസ്ത്രക്രിയയിൽ….
ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ആശാ ശരത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സങ്കീർണതകൾ കാരണം ഹൃദയാഘാതം ഉണ്ടായെന്നും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
ലാപ്രോസ്കോപിക് സര്‍ജറിക്ക് സാധാരണ സങ്കീര്‍ണതകളൊന്നുമുണ്ടാകാറില്ല. കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ച്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞിരിരുന്നു. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.