സ്വന്തം മകളെ കാണിച്ച് ദമ്പതിമാരുടെ തട്ടിപ്പ്

കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാർ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ വർക്കല താഴെ വെട്ടൂർ തെങ്ങറ റാഷിദ മൻസിലിൽ റാഷിദ (38) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്. അരീക്കോട് കടുങ്ങല്ലൂരിൽ കച്ചവടക്കാരനായ മേലേപുരയ്ക്കൽ പുളിയക്കോട് അബ്ദുൾ വാജിദിന്റെ (26) പരാതിയിലാണ് അറസ്റ്റ്.

അബ്ദുൾ വാജിദ് അനാഥയും നിർധനയുമായ യുവതിയെ വിവാഹംചെയ്യാൻ ആഗ്രഹിച്ചിരുന്നു. അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്ന പേരിൽ റാഷിദ വാജിദുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. എന്നാൽ റാഷിദയുടേതെന്ന പേരിൽ കാണിച്ച ചിത്രം അവരുടെ രണ്ടാമത്തെ മകളുടേതായിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച് താൻ തൃശ്ശൂരിലെ അനാഥാലയത്തിൽ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്തുമാസങ്ങൾക്കിടയിൽ പലപ്പോഴായി 11 ലക്ഷം രൂപയാണ് റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചുനൽകിയത്.

എന്നാൽ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ നേരിൽ കാണാൻപോലും അവസരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേൽവിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തിൽ താൻ കബളിപ്പിക്കപ്പെട്ട വിവരം വാജിദ് മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് സംഘം വർക്കലയിലെത്തി റാഷിദയേയും ഭർത്താവിനേയും പിടികൂടി അരീക്കോട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇവിടെവെച്ച് പോലീസ് ഓഫീസർ സി.വി. ലൈജുമോന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ ചോദ്യംചെയ്യലിൽ റാഷിദയ്ക്കൊപ്പം ഭർത്താവ് ബൈജുവും കൂട്ടുപ്രതിയാണെന്ന് വ്യക്തമായതോടെയാണ് ഇരുവരേയും അറസ്റ്റുചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button