മക്കളെ കാണാന്‍ പറ്റാത്തതില്‍ വിഷമം.. ഇന്ത്യയിലേക്ക് വരാന്‍ അനുമതി കാത്ത് അഞ്ജു…
ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ അഞ്ജു ഇന്ത്യയില്‍ തിരിച്ചുവരും. മക്കളെ കാണാനായാണ് അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. അഞ്ജുവിന്‍റെ ഭര്‍ത്താവ് നസ്‌റുല്ലയാണ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
നസ്‌റുല്ലയെ കാണാന്‍ ഖൈബർ പഖ്തൂൺഖ്വയിലെ വിദൂര ഗ്രാമത്തിലേക്കാണ് 34 കാരിയായ അഞ്ജു പോയത്. പാകിസ്ഥാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം അഞ്ജു ഇന്ത്യയില്‍ എത്തുമെന്നാണ് നസ്റുല്ല പറഞ്ഞത്. അഞ്ജുവിന്റെ വിസ ആഗസ്തില്‍ പാകിസ്ഥാൻ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഇസ്‌ലാമാബാദിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എൻഒസിക്കായി കാത്തിരിക്കുകയാണ്. എൻഒസി നടപടിക്രമം കുറച്ച് ദൈർഘ്യമേറിയതാണ്. അത് പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് നസ്റുല്ല പറഞ്ഞത്. മക്കളെ കണ്ടതിന് ശേഷം അഞ്ജു പാകിസ്ഥാനില്‍ മടങ്ങിയെത്തുമെന്നും നസ്റുല്ല പറഞ്ഞു. പാകിസ്ഥാൻ ഇപ്പോൾ അവളുടെ വീടായതിനാൽ തീർച്ചയായും മടങ്ങിവരും. മക്കളെ കാണാന്‍ കഴിയാത്തതിന്‍റെ പ്രയാസത്തിലാണ് അഞ്ജുവെന്നും നസ്റുല്ല പറഞ്ഞു.