പോലീസും കൈയൊഴിഞ്ഞു, പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രത്തിന് രാത്രിയിലും ഉദ്യോഗസ്ഥ കാവലിരുന്നു
ചെങ്ങന്നൂർ : പഞ്ചായത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിൽ അനധികൃതമായി പാടംനികത്തിയ മണ്ണുമാന്തിയന്ത്രം വനിതാ വില്ലേജ് ഓഫീസർ പിടികൂടി. സംഭവം നടന്നു മൂന്നു മണിക്കൂർ കഴിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിൽ എടുത്തില്ല. ഇതോടെ രാത്രി വൈകിയും വില്ലേജ് ഓഫിസർ മണ്ണുമാന്തിയന്ത്രത്തിനു കാവലിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു പുലിയൂർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പനയത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിലാണ് നിലംനികത്തൽ നടന്നത്. സംഭവമറിഞ്ഞു പുലിയൂർ വില്ലേജ് ഓഫീസർ ആർ.ഐ. സന്ധ്യ സ്ഥലത്തെത്തി. വില്ലേജ് ഓഫീസർ എത്തുന്നതുകണ്ട ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. 5.30-നു സംഭവം പോലീസിനെ അറിയിച്ചെങ്കിലും മൂന്നുമണിക്കൂർ വൈകി രാത്രി 8.30-നാണ് ഇവർ സ്ഥലത്തെത്തിയത്.
തുടർന്ന് മഹസർ തയ്യാറാക്കി വസ്തു ഉടമയെ മണ്ണുമാന്തിയന്ത്രത്തിന്റെ സംരക്ഷണ ചുമതല ഏൽപ്പിക്കാമെന്ന നിർദേശവും നൽകി. എന്നാൽ, ഉടമ പെട്ടെന്ന് കൈയൊഴിഞ്ഞു. പൊതുജനങ്ങളിൽനിന്നു ശല്യമൊന്നുമില്ലല്ലോ എന്നുചോദിച്ചു പോലീസും മടങ്ങി. തുടർന്നാണു രാത്രി വൈകീയും വില്ലേജ് ഓഫീസർക്കു യന്ത്രത്തിനു കാവലിരിക്കേണ്ട വന്നത്.