പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു… ഗുണ്ടാ തലവനും കൂട്ടാളികളും….
അമ്പലപ്പുഴ: ചോദ്യം ചെയ്തതിൽ പ്രകോപിതരായി പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ടാ തലവൻ ഉൾപ്പടെ പ്രതികൾ പിടിയിൽ. തീരദേശ റോഡിൽ വളഞ്ഞവഴിഭാഗത്ത് അർദ്ധരാത്രിയിൽ സംശയാസ്പദമായി നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തതിൽ പ്രകോപിതരായി പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയും, കാപ്പാ നടപടി ക്രമത്തിന് വിധേയനായിട്ടുള്ള ഗുണ്ടാ തലവൻ കൊപ്പാറ ബിജുവും സംഘവും അറസ്റ്റിൽ. മാവേലിക്കര തഴക്കര പഞ്ചായത്ത് 15ാം വാർഡിൽ അറുനൂറ്റിമംഗലം മുറിയിൽ മാധനം വീട്ടിൽ രാജൻ്റെ മകൻ ബിജു ( കൊപ്പാറ ബിജു 42), മാവേലിക്കര പഞ്ചായത്ത് 12-ാം വാർഡിൽ കുറത്തികാട് കാരോലിൽ വീട്ടിൽ ഗോപാലകൃഷ്ണൻ്റെ മകൻ ബിനു (42), മാന്നാർ ചെന്നിത്തല പഞ്ചായത്ത് 8-ാം വാർഡിൽ ചെറുകോൽ കുറ്റിയാറ കിഴക്കേതിൽ വീട്ടിൽ വർഗ്ഗീസ് ജോർജിൻ്റെ മകൻ ജിജോ വർഗ്ഗീസ് (35) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷ് ൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25-ാം തീയതി രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നൈറ്റ് പെട്രോളിംഗിനിടെ പൊലീസ് വളഞ്ഞവഴി തീർദേശ ജംഗ്ഷനിൽ എത്തിയ സമയം സംശയസ്പദമായ രീതിയിൽ കണ്ട പ്രതികളെ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം പൊലീസിനെ ആക്രമിക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.