കടുത്ത വയർവേദനയും ഛർദിയും…ആശുപത്രിയിൽ എത്തിച്ചപ്പോൾ….

കടുത്ത വയർവേദനയെ തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവിന്റെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഞെട്ടിപ്പിക്കുന്ന വസ്തുക്കൾ. ഇയർഫോൺ, സേഫ്റ്റിപിൻ, താക്കോൽ, സിപ്പ്, നട്ട്, ബോൾട്ട് ഉൾപ്പെടെയുള്ള വിചിത്രകരമായ സാധനങ്ങളാണു 40കാരന്റെ വയറ്റിലുണ്ടായിരുന്നത്. പഞ്ചാബിലെ മോഗയിലാണു ഞെട്ടിപ്പിക്കുന്ന ശസ്ത്രക്രിയ നടന്നത്.

കടുത്ത വയർവേദനയും പനിയും ഛർദിയും മൂലമാണ് മോഗയിലെ മെഡിസിറ്റി ആശുപത്രിയിൽ 40കാരൻ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണു യുവാവിന്റെ വയറ്റിൽ നിരവധി സാധനങ്ങൾ കണ്ടെത്തിയത്. തുടർന്ന് മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് ഇതെല്ലാം പുറത്തെടുത്തത്.
തന്റെ കരിയറിൽ ആദ്യത്തെ സംഭവമാണിതെന്ന് മെഡിസിറ്റി ഡയറക്ടർ ഡോ. അജ്‌മേർ കൽറ പ്രതികരിച്ചു. കാലങ്ങളായി രോഗിയുടെ വയറ്റിലെത്തിയതാണ് ഈ വസ്തുക്കളെല്ലാം. എല്ലാം വിജയകരമായി പുറത്തെടുക്കാനായിട്ടുണ്ടെങ്കിലും യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഏതാനും ദിവസങ്ങൾക്കുമുൻപാണ് കടുത്ത വയർവേദന അനുഭവപ്പെട്ടതെന്ന് യുവാവിന്റെ കുടുംബം പറഞ്ഞു. എന്നാൽ, സ്ഥിതി ഗുരുതരമാകുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിയത്. എങ്ങനെയാണ് ഇതെല്ലാം വയറ്റിലെത്തിയതെന്ന് അറിയില്ല. എന്നാൽ, ഇദ്ദേഹത്തിനു മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കുടുംബം വെളിപ്പെടുത്തി.

Related Articles

Back to top button