സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും 90 കുട്ടികൾ ആശുപത്രിയിലായി….
ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രാജസ്ഥാനിലെ ദൗസ ജില്ലയിലെ സർക്കാർ സ്കൂളിലെ 90 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായും അധികൃതർ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ചുടിയാവാസ് ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിൽ ഉച്ചഭക്ഷണമായി ചപ്പാത്തിയും പച്ചക്കറിയും കഴിച്ച 156 വിദ്യാർത്ഥികളിൽ 90 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ നിരവധി കുട്ടികൾക്ക് വയറുവേദന, തലകറക്കം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ഇത് രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ ഒരു മെഡിക്കൽ സംഘം സ്കൂളിലെത്തി കുട്ടികൾക്ക് ചികിത്സ നൽകി. രോഗികളുടെ എണ്ണം കൂടിയതോടെ കുട്ടികളെ നംഗൽ രാജ്‌വതനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. അവിടെ നിന്ന് ചില വിദ്യാർത്ഥികളെ ഉന്നത ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. വൈകുന്നേരത്തോടെ 49 കുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.