9 വർഷത്തെ കാത്തിരിപ്പ്… ‘ഗേൾ നമ്പർ 166’….സിനിമയെ വെല്ലുന്ന അന്വേഷണ കഥ…..
കാണാതെപോയ 166 പെൺകുട്ടികളുടെ കേസ് അന്വേഷിച്ച സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥൻ. മുംബൈ ഡി.എൻ നഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേന്ദ്ര ദോണ്ഡു ഭോസ്ലെ. അദ്ദേഹം അന്വേഷിച്ച കേസുകളിൽ ഏറെ പ്രസിദ്ധമായ ഒരു കേസായിരുന്നു ‘ഗേൾ നമ്പർ 166’ മിസ്സിങ് കേസ്. 2008 നും 2015 നുമിടയിൽ 166 പെൺകുട്ടികളെ കാണാതെയായ കേസുകളാണ് അദ്ദേഹം അന്വേഷിച്ചത്. അതിൽ 165 പെൺകുട്ടികളെയും അദ്ദേഹം കണ്ടെത്തി. സമർത്ഥനായ ഉദ്യോഗസ്ഥന്റെ അതിസമർത്ഥമായ കേസ് അന്വേഷണത്തിൽ എല്ലാ പെൺകുട്ടികളെയും കണ്ടെത്തിയെങ്കിലും ഒരാളെ മാത്രം കണ്ടെത്താനായില്ല. 2015 ൽ സർവീസിൽ നിന്ന് വിരമിച്ച രാജേന്ദ്ര ദോണ്ഡു ‘ഗേൾ നമ്പർ 166’ എന്നറിയപ്പെട്ട ആ പെൺകുട്ടിയ്ക്കായുള്ള അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ ഏഴ് വർഷവും അദ്ദേഹം ഈ കേസ് അന്വേഷിക്കുകയായിരുന്നു. ഒടുവിൽ നീണ്ട വർഷത്തെ നിർത്താത്ത ശ്രമങ്ങൾക്ക് ശേഷം മുംബൈ അന്തേരിയിൽ തന്‍റെ വീടിന് 500 മീറ്റർ മാത്രം അകലെ നിന്ന് ആ പെൺകുട്ടിയെ കണ്ടെത്തിയിരിക്കുന്നു.
2013 ലായിരുന്നു ഏഴുവയസ്സുകാരിയായ ഈ പെൺകുട്ടിയെ കാണാതായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8.20 നു ആ പെൺകുട്ടി തന്റെ കുടുംബത്തെ വീണ്ടും കണ്ടുമുട്ടി. 2013 ൽ സ്‌കൂളിൽ നിന്ന് തിരിച്ചു വരുന്ന വഴി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കേസിൽ അമ്പതുകാരാനായ ജോസഫ് ഡിസൂസയും ഭാര്യ സോണിയുമാണ് പ്രതികൾ. അതോടെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി. ഏറെകാലം കുട്ടികളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഇരുവരും. തങ്ങൾക്ക് ഒരു കുട്ടി വേണം എന്നുള്ള ചിന്തയാണ് ഈ പെൺകുട്ടിയെ തട്ടിയെടുക്കാനുള്ള തീരുമാനത്തിലേക്ക് ഇരുവരെയും എത്തിച്ചത്. സ്‌കൂൾ വിട്ട് കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ഡി.എൻ നഗർ സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ഭോസ്ലെക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
ഇവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറം കാണാതെയായ പെൺകുട്ടിയ്ക്കായി കാമ്പയിനുകളും പോസ്റ്ററുകളും ശക്തമായ അന്വേഷണവും നടന്നുകൊണ്ടേയിരുന്നു. ഇത് ഡിസൂസയെയും ഭാര്യയെയും പരിഭ്രാന്തിയിലാക്കി. അവിടെ കുട്ടിയെ നിർത്തിയാൽ പിടിക്കപെടുമെന്ന പേടിയിൽ ഇരുവരും കുട്ടിയെ തങ്ങളുടെ സ്വദേശമായ കർണാടകയിലെ റായ്ചൂരിലെ ഒരു ഹോസ്റ്റലിലേക്ക് മാറ്റി. എന്നാൽ ഇവരുടെ പ്രതീക്ഷകളെയെല്ലാം മറികടന്ന് 2016 ൽ ഇരുവർക്കും ഒരു കുഞ്ഞു പിറന്നു. ഇതോടെ തങ്ങളുടെ കുഞ്ഞിനെ നോക്കാനായി ഇവർ പെൺകുട്ടിയെ കർണാടകയിൽ നിന്ന് തിരിച്ച് ഇവരുടെ അടുത്തേക്ക് കൊണ്ടുവന്നു. പിന്നീട് ആ പെൺകുട്ടി കടന്നുപോയത് സങ്കടവും അവഗണയും നിറഞ്ഞ ദിവസങ്ങളിലൂടെയാണ്. സോണി ഈ പെൺകുട്ടിയെ തല്ലുകയും ഡിസൂസ മദ്യപിച്ചെത്തി തന്നെ തട്ടികൊണ്ടുവന്നതാണെന്ന് നിരന്തരം പറയാനും തുടങ്ങി. രണ്ട് പേരെയും വളർത്താനുള്ള വരുമാനമില്ലാത്തതിനാൽ ഇവർ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയ്ക്ക് ഈ പെൺകുട്ടിയെ അയച്ചു.
അതിനിടെ യാദൃശ്ചികമായി ഇവർ വീട് മാറി എത്തിയത് തട്ടിക്കൊണ്ടുവന്ന കുട്ടിയുടെ വീടിന് 500 മീറ്റർ അകലെയായിരുന്നു. കേസിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതും വർഷങ്ങൾ പിന്നിട്ടതും കുട്ടിയെ ആരും തിരിച്ചറിയില്ലെന്ന ആത്മവിശ്വാസം ഇവർക്ക് നൽകി. ആരെയും കാണാനോ മിണ്ടാനോ പാടില്ലെന്ന് കുട്ടിയ്ക്ക് കർശന നിർദ്ദേശവും നൽകി.
തന്റെ മാതാപിതാക്കളല്ല ഇതെന്നും തന്നെ തട്ടിക്കൊണ്ടു വന്നതാണെന്നും കുട്ടിയ്ക്ക് മനസിലായെങ്കിലും രക്ഷപെടാനുള്ള ഒരു വഴിയും മുന്നിൽ കണ്ടില്ല. അങ്ങനെ വീട്ടിൽ ജോലിയ്ക്ക് വരുന്ന വേലക്കാരിയായ സ്ത്രീയാണ് പെൺകുട്ടിക്ക് സഹായവുമായി എത്തിയത്. കുട്ടി പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് അവർ അന്വേഷിക്കുകയൂം കേസിനെ കുറിച്ച് ഗൂഗിളിൽ തിരയുകയും ചെയ്തു. ഇതോടെ സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ യുവതി പെൺകുട്ടിയെ കാണാതായപ്പോൾ നടന്ന വാർത്തകൾ കാണുകയും ഇത് പെൺകുട്ടിയെ കാണിക്കുകയൂം ചെയ്തു. തന്‍റെ പഴയ ചിത്രം ഓൺലൈനിൽ കണ്ടതും പഴയ പല കാര്യങ്ങളും പെൺകുട്ടിക്ക് ഓർമവന്നു. മിസ്സിങ് പോസ്റ്ററിൽ നൽകിയ അഞ്ച് നമ്പറുകളിൽ ഇവർ ബന്ധപെട്ടു.
വിളിച്ച നാല് നമ്പറിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. അഞ്ചാമത്തെ നമ്പറിൽ വിളിച്ചപ്പോൾ കുട്ടിയുടെ അയൽവാസിയായിരുന്ന റഫീഖ് എന്നയാളെ കിട്ടി. അങ്ങനെ എല്ലാ പ്രതീക്ഷയും കൈവിട്ട കുടുംബത്തെ തേടി വർഷങ്ങൾക്ക് ശേഷം ഒരു ഫോൺ കോൾ എത്തി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇത്തരം നിരവധി ഫോൺകോളുകൾ റഫീഖിന് ലഭിച്ചിരുന്നു. ഇതും അതുപോലെയാണെന്ന് കരുതിയ റഫീഖ് കുട്ടിയുടെ ഫോട്ടോ ആവശ്യപ്പെട്ടു. യുവതിയും പെൺകുട്ടിയും ചേർന്ന് റഫീഖിന് വീഡിയോ കോൾ ചെയ്തു. കാര്യങ്ങൾ ബോധ്യപ്പെട്ട റഫീഖ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആ രാത്രി എട്ടരയോടെ പോലീസും പെൺകുട്ടിയുടെ കുടുംബവും കുട്ടി ജോലി ചെയ്യുന്നിടത്തേക്ക് എത്തി. നീണ്ട കാലത്തെ കാത്തിരിപ്പിനും ഒറ്റപെടലിനും ആ രാത്രി അവസാനം കുറിച്ചു. ഒമ്പത് വർഷത്തിന് ശേഷം ആദ്യമായി ഈ പെൺകുട്ടി തന്‍റെ അമ്മയെ കണ്ടു. ഇതിനിടയിൽ പിതാവ് മരണപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബാലവേല, മനുഷ്യക്കടത്ത്, തടവിൽവെക്കൽ തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് പൊലീസ് ഡിസൂസക്കും ഭാര്യ സോണിക്കുമെതിരെ കേസെടുത്തത്. ഡിസൂസയെ റിമാൻഡ് ചെയ്തു. ആറ് വയസ്സുള്ള പെൺകുട്ടിയുള്ളതിനാൽ സോണിയെ റിമാൻഡ് ചെയ്യാതെ വിട്ടു. തന്റെ ഒമ്പത് വർഷത്തെ അന്വേഷണത്തിന് ഫലം കണ്ടു എന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും രാജേന്ദ്ര ദോണ്ഡു ഭോസ്ലെയും പ്രതികരിച്ചു.