മക്കൾക്ക് എല്ലാം സ്വത്തിന്റെ വീതംകൊടുത്തു..അഞ്ചുമക്കൾ,എന്നിട്ടും തലചായ്ക്കാൻ ഇടമില്ല..അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു..

താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവുണ്ടായിട്ടും അഞ്ചുമക്കളുടെ അമ്മയ്ക്ക് തലചായ്ക്കാന്‍ ഇടമില്ല. അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു. വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മുനിയറയിലാണ് സംഭവം.

കല്ലേപുളിക്കല്‍ പരേതനായ വേലായുധന്റെ ഭാര്യ പങ്കജാക്ഷിക്കാണ് (85) ദുരവസ്ഥ. അഞ്ചു മക്കളുള്ള കുടുംബമാണ് പങ്കജാക്ഷിയുടേത്. കഴിഞ്ഞ ജനുവരി മൂന്നിന് ഭര്‍ത്താവ് വേലായുധന്‍ മരിച്ചു. രണ്ടു പതിറ്റാണ്ടില്‍ കൂടുതലായി വേലായുധനും പങ്കജാക്ഷിയും തറവാട്ടുവീടായ ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഇളയമകനൊപ്പമാണ് താമസം. മക്കള്‍ക്ക് എല്ലാം സ്വത്തിന്റെയും വീതംകൊടുത്തതാണ്. വേലായുധന്റെയും പങ്കജാക്ഷിയുടെയും അവകാശം ഈ കുടുംബത്തിനോടൊപ്പമാണ്.

വീട് പുതുക്കിപ്പണിയുവാന്‍ പോകുകയാണെന്നും അതിനാല്‍ അമ്മ കുറച്ചുദിവസം മകളുടെ വീട്ടില്‍ പോയി നില്‍ക്കണമെന്നും അടുത്തിടെ സുരേഷ് പറഞ്ഞു. ഇതുപ്രകാരം പങ്കജാക്ഷി മകളുടെ വീട്ടിലെത്തി. അവിടെവച്ച് മകന്‍ തന്നെ ഉപദ്രവിച്ചെന്നും വീട്ടില്‍നിന്ന് ഒഴിവാക്കുവാന്‍ ശ്രമിച്ചെന്നും പങ്കജാക്ഷി ഇടുക്കി സബ് കളക്ടര്‍ക്ക് പരാതി നല്‍കി.

പങ്കജാക്ഷിക്ക് വീടിന്റെ താഴത്തെനിലയില്‍ താമസിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും ഭൂമിയിലെ ആദായം എടുക്കുവാന്‍ അവകാശമുണ്ടെന്നും ഇതിനായി പോലീസ് സഹായം നല്‍കണമെന്നും സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസം പങ്കജാക്ഷി മുനിയറയിലെ വീട്ടിലെത്തി. ഈ സമയം വീട് പൂട്ടികിടക്കുകയായിരുന്നു.അമ്മ വരുന്നതറിഞ്ഞ സുരേഷും ഭാര്യയും വീട് പൂട്ടി സ്ഥലംവിട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ പങ്കജാക്ഷിയുടെ മറ്റു രണ്ട് ആണ്‍മക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നു.

സംഭവം അറിഞ്ഞ് വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി. സുരേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പങ്കജാക്ഷിക്ക് നാട്ടുകാര്‍ താത്കാലിക താമസസൗകര്യം ഒരുക്കി. ചൊവ്വാഴ്ച സുരേഷിനെയും കുടുംബത്തെയും ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ സബ് കളക്ടറുടെ പ്രത്യേക ഉത്തരവ് വീണ്ടും വാങ്ങി നടപടി സ്വീകരിക്കുമെന്നും ഇടുക്കി ഡിവൈഎസ്പി പറഞ്ഞു.

Related Articles

Back to top button