വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായി..8 വയസ്സുകാരിയെ കണ്ടെത്തിയത് എസ്ഐയുടെ വീട്ടിൽ ബോധരഹിതയായ നിലയിൽ..
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ 8 വയസ്സുകാരിയെ എസ്ഐയുടെ വീട്ടിൽ നിന്നും അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് 3 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് എസ്ഐയുടെ വീട്ടിൽ നിന്നും ബോധരഹിതയായി കുട്ടിയെ കണ്ടെത്തിയത്. വൈകുണ്ഠപുരത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെയാണ് നുങ്കമ്പാക്കം അരിക്കടൈ സ്ട്രീറ്റിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും അവശനിലയിൽ കണ്ടെത്തിയത്.
എട്ട് വയസുകാരിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം. സംഭവ ദിവസം വൈകിട്ട് 6 മണിയോടെ കുട്ടി ബോധരഹിതയായി. കുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ച് ബന്ധുക്കൾ ഇയാളുടെ വീടു വളഞ്ഞു.
എന്നാൽ സ്ഥലത്തെത്തിയ നുങ്കമ്പാക്കം പോലീസ് പ്രശ്നത്തിൽ ഇടപെടുകയും കുട്ടിയെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പെൺകുട്ടിക്ക് ഉദ്യോഗസ്ഥൻ എന്തെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് നൽകിയോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഓർമ്മയില്ലെന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.