8 വർഷത്തെ പ്രണയം ഉപേക്ഷിച്ച് കാമുകി പോയി….പണം തിരികെ ചോദിച്ചപ്പോൾ പുതിയ കാമുകന്റെ വധഭീഷണിയെന്ന് യുവാവ്…
തിരുവല്ല : മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകനും കൂട്ടാളികളും വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി തിരുവല്ല കുറ്റൂർ സ്വദേശിയായ യുവാവ്. വീട്ടിലും ജോലി സ്ഥലത്ത് പിന്നാലെ കൂടി ഒരുസംഘം അപായപ്പെടുത്താൻ ശ്രമിക്കുന്നു. തന്നെ കബളിപ്പിച്ച് കാമുകി കൊണ്ടുപോയ മൂന്ന് ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ, പൊലീസിൽ പരാതി കൊടുത്ത ശേഷമാണ് ഭീഷണി ശക്തമായതെന്നും രതീഷ്കുമാർ പറയുന്നു.
രതീഷിന്റെ പരാതി ഇങ്ങനെ– ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന കാലം മുതൽ എട്ടു വർഷം ഒരു പെൺകുട്ടിയെ പ്രണയിച്ചു. ഈ അടുത്തകാലത്ത് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറി. പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപ അവർ വാങ്ങിയിട്ടുണ്ട്. ഇതുതിരികെ ചോദിച്ചത് മുതൽ ഭീഷണിയാണ്. ഭീഷണിപ്പെടുത്തുന്നതാവട്ടെ പെൺകുട്ടിയുടെ ഇപ്പോഴത്തെ കാമുകനും സംഘവും.
യുവാവിന്റെ തിരുവല്ല കുറ്റൂരിലെ വീട്ടിലും ഇപ്പോൾ നടത്തുന്ന ബാർബർ ഷോപ്പിലും ഭീഷണിയുമായി ഒരു സംഘം ആളുകളുമെത്തി. അതേസമയം രതീഷിനെയും മുൻ കാമുകിയെയും സ്റ്റേഷനിൽ വിളിച്ച് ചർച്ച നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റ അടിസ്ഥാനത്തിൽ പകുതി പണം യുവതി തിരികെ കൊടുത്തതായും ബാക്കി ഉടൻ നൽകുമെന്ന ധാരണയിൽ പ്രശ്നം പരിഹരിച്ചതാണെന്നും കോയിപ്രം പൊലീസ് പറയുന്നു.