78-ാം സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി സജി ചെറിയാൻ പതാക ഉയര്‍ത്തും-ആലപ്പുഴ ജില്ലയിൽ ഒരുക്കങ്ങളായി
സ്വാതന്ത്ര്യത്തിന്റെ 78-ാം വാര്‍ഷികം ആലപ്പുഴജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഓഗസ്റ്റ് 15-ന് രാവിലെ ഒന്‍പതിന് ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല ആഘോഷച്ചടങ്ങില്‍ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്യും. സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പോലീസ്, ഏക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, എന്‍.സി.സി., വിദ്യാഭാസം തുടങ്ങി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പോലീസ്, ഏക്‌സൈസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്‌സ്, സ്‌കൂള്‍ ബാന്‍ഡ് എന്നിവയുടേത് ഉള്‍പ്പെടെയുള്ള 18 കണ്ടിജെന്റുകള്‍ പരേഡില്‍ അണിനരക്കും. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കണ്ടിജന്റുകള്‍ക്ക് മന്ത്രി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. ഡ്രസ് റിഹേഴ്‌സല്‍ ഓഗസ്റ്റ് 13 രാവിലെ എട്ടിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.