74 ക്യാമ്പുകളിൽ ഏഴായിരത്തിലധികം പേർ.. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു…

മേപ്പാടി: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 74 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ജില്ലയില്‍ 1726 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പേരാണ് ഈ ക്യാമ്പുകളിലുള്ളത്. അതേസമയം സൈന്യവും എന്‍.ഡി.ആര്‍.എഫും കോസ്റ്റ് ഗാര്‍ഡുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തത്തിനായി ദുരന്തസ്ഥലത്തുണ്ട്. പാലം നിര്‍മിച്ച് ആയിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു.

മേപ്പാടിയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണുള്ളത്. മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ യുപി, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് മേപ്പാടിയിൽ നിലവിലെ ദുരിതാശ്വാസ ക്യാമ്പുകള്‍.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിലരെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഓരോ ക്യാമ്പിന്റേയും നടത്തിപ്പ് ചുമതലയും നല്‍കിയിട്ടുണ്ട്. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവരുണ്ട്. ഭക്ഷണവും മരുന്നും ഉൾപ്പെടെ ആവശ്യവുമായ സാധനങ്ങൾ ലഭ്യമാക്കാനുള്ള നടപടികള്‍ സജീവമായി നടുക്കുന്നുണ്ട്.

Related Articles

Back to top button