തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും തണലായി ചെന്നിത്തല…. അർദ്ധരാത്രിയിൽ സഹായമെത്തിച്ചു, നന്ദിയോതി ഒരു കുടുംബം

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും ഒരു കുടുംബത്തിന് താങ്ങായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സയ്ക്കിടെ മരണപ്പെട്ട യുവതിയുടെ മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രി അധികൃതർ തടസ്സം നിന്നപ്പോൾ, അർദ്ധരാത്രിയിൽ ചെന്നിത്തല ഇടപെട്ട് പ്രശ്നം പരിഹരിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മരണപ്പെട്ട ധന്യയുടെ സഹോദരി രമ്യയാണ് ഫേസ്ബുക്കിലൂടെ ഈ നന്ദിവാക്കുകൾ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ കൂടെപ്പിറപ്പ് ധന്യ കഴിഞ്ഞ ദിവസം ഞങ്ങളെ വിട്ട് പിരിഞ്ഞു. ഞങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത മുഴുവൻ ആളുകൾക്കും എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നു.

ധന്യക്ക് ഛർദ്ദിയും വയറിളക്കവും ആയാണ് ഹോസ്പിറ്റലിൽ പോകുന്നത്. പുറത്ത് നിന്നും ചില പാക്കേജ്ഡ് ഫുഡ്‌ കഴിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി ഡ്രിപ്, മരുന്നുകൾ നൽകി കുറവുണ്ടായെങ്കിലും അടുത്ത ദിവസം രാവിലെ നടത്തിയ രക്ത പരിശോധനയിൽ ക്രിയാറ്റിന്റെ അളവ് 2.2 ആയും ചെറിയ മഞ്ഞപ്പിത്തം (ബിലിറുബിൻ 1.4) ഉള്ളതായും മനസ്സിലായി. Creatinine കൂടുതൽ കാണിച്ചത് കൊണ്ട് തന്നെ അവിടെയുള്ള ഡോക്ടറിന്റെ അനുവാദത്തോടെ ചികിത്സക്കായി കൊച്ചി അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അമൃത തന്നെ തിരഞ്ഞെടുക്കാൻ കാരണം ഇൻഷുറൻസ് ഉണ്ട്,എല്ലാ സംവിധാനങ്ങളും ഉണ്ട് എന്ന കാരണത്താലും .

രണ്ട് ദിവസം അമൃതയിലെ കാഷ്വാലിറ്റി ICU ലെ ചികിത്സക്ക് ശേഷം വാർഡിലേക്ക് മാറ്റി. അപ്പോഴേക്കും ധന്യയുടെ ശാരീരിക അസ്വസ്ഥതകൾ കുറയുകയും സ്വന്തമായി എഴുന്നേറ്റ് വാഷ് റൂമിലടക്കം പോകുന്നുമുണ്ടായിരുന്നു. വാർഡിലേക്ക് മാറ്റി 2 ദിവസത്തിന് ശേഷം രാവിലെ ബ്രഷ് ചെയ്ത് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോൾ ചെറിയ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ രക്തത്തിലെ ഒക്സിജൻ ലെവൽ 84 ആണെന്ന് കണ്ടെത്തി. പെട്ടെന്ന് തന്നെ ഒക്സിജൻ സപ്പോർട്ട് നൽകി. വൈകുന്നേരം സി ടി സ്കാൻ ചെയ്തപ്പോൾ ലങ്സിൽ ഇൻഫെക്ഷൻ ഉള്ളതായി കണ്ടെത്തി. അടിയന്തിരമായി വെന്റിലേറ്റർ സപ്പോർട്ട് കൊടുക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു ICU ലേക്ക് മാറ്റി.

പിന്നീട് നടത്തിയ കൂടുതൽ പരോശോധനയിൽ ധന്യക്ക് ARDS എന്ന അവസ്ഥയാണെന്ന് ഡോക്ടർമാർ വിശദീകരിച്ചു. ആറാം തീയതി രാത്രി മുതൽ വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നെങ്കിലും ധന്യക്ക് മരണപ്പെടുന്നതിന് 3 ദിവസം മുമ്പ് വരെ ബോധമുണ്ടായിരുന്നു. ഞങ്ങളുമായി എഴുതിക്കാണിച്ചും എക്സ്പ്രെഷനിലൂടെയും നല്ലരീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുമായിരുന്നു. അമൃതയിലെ ഡോ. ഷൈൻ സദാശിവന്റെ നേതൃത്വത്തിലുള്ള സംഘം അവസാന നിമിഷം വരെ പരമാവധി ആത്മാർത്ഥമായി ശ്രമിച്ചിരുന്നു, അത് ഞങ്ങൾക്ക് ബോധ്യമുള്ളതാണ്. ലഭ്യമായ ആന്റി ബയോട്ടിക്കുകളെല്ലാം നൽകി പരിചരിച്ചിരുന്നു.

ഇതിനിടയിലും പലരുടെയും നിർദ്ദേശ പ്രകാരം ആസ്റ്റർ അടക്കമുള്ള മറ്റു ചില ആശുപത്രികളുമായും പരിചയത്തിലെ മറ്റ് ഡോക്ടർമാരുമായും ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ നോക്കി അവരെല്ലാം പറഞ്ഞിരുന്നത് ARDS എന്ന ഈ അവസ്ഥയിൽ ചെയ്യാവുന്നതിൽ പരമാവധി കവറേജ് ഇപ്പോൾ അമൃതയിൽ നൽകുന്നുണ്ടെന്നും ഇതിനപ്പുറം ഒന്നും ചെയ്യാനില്ലെന്നുമാണ്. പിന്നീട് ഇൻഫെക്ഷൻ മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിച്ചു ഡയാലിസിലും ആരംഭിച്ചു. 26 തീയതി വൈകുന്നേരം 7 മണിയായപ്പോൾ ബി പി ലെവൽ താഴ്ന്നു കാർഡിയാക് അറസ്റ്റിലേക്ക് പോയി. ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ പെരുമാറ്റത്തിലും ചികിത്സയിലും ഞങ്ങൾ തൃപ്തരാണ്. ധന്യക്ക് ICICI യുടെ 11 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നു.

“എന്നാൽ വൈകിട്ട് 7 മണിക്ക് മരണം സംഭവിച്ചു ICU ൽ നിന്നും ബോഡി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം 8.20 ഓട് കൂടി ബിൽ ക്ലീയറിങ്ങിനായി എന്റെ ഹസ്ബൻഡും ബന്ധുക്കളും കൗണ്ടറിൽ ചെന്നപ്പോൾ ഇൻഷുറൻസ് കൗണ്ടർ 8 മണിവരെ ഉള്ളെന്നും ഇനി രാവിലെ 9 മണിക്കേ കൗണ്ടർ തുറക്കുകയുള്ളൂവെന്നും അത് വരെ വെയിറ്റ് ചെയ്യണമെന്നും പറഞ്ഞു. അല്ലാതെ ബോഡി വിട്ടു നൽകണമെങ്കിൽ ഫുൾ തുക ഇപ്പോൾ അടച്ചു പിന്നീട് റീഫണ്ട് ചെയ്ത് വാങ്ങാൻ പറഞ്ഞു. ഞങ്ങൾ ആകെ സങ്കടത്തിലായി. ഇൻഷുറൻസ് അപ്രൂവൽ ലഭിക്കുന്നതിന് മുൻപ് നാല് ലക്ഷം രൂപക്ക് മുകളിൽ ഞങ്ങൾ അടച്ചിട്ടുണ്ട് പിന്നീട് അപ്രൂവൽ വന്നതിന് ശേഷമാണ് ചികിത്സ ഇൻഷുറൻസിലേക്ക് മാറ്റിയത്. പിന്നീട് പണവും അവർ ആവശ്യപ്പെട്ടിട്ടില്ല,ശരിക്കും ക്ലെയിം സെറ്റിൽ ചെയ്യുമ്പോൾ നിയമ പ്രകാരം ഞങ്ങൾക്കാണ് പണം തിരികെ നൽകാനുള്ളത് എന്നിട്ടും രാത്രിയിൽ തന്നെ 9 ലക്ഷം രൂപയോളം അടക്കുവാനാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. പല തരത്തിൽ അപേക്ഷിച്ചും വൈകാരികമായുമൊക്കെ അവിടെയുള്ളവരോടും PRO യോടും പറഞ്ഞു നോക്കിയെങ്കിലും പണം അടക്കാതെ ബോഡി വിട്ടു തരില്ല എന്ന സമീപനമായിരുന്നു.

8.30 മണി മുതൽ 11 മണിവരെ ഫോണിൽ ഞങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്നവരെയൊക്കെ ബന്ധപ്പെട്ട് നോക്കി ഒരു ഗുണവുമുണ്ടായില്ല. എല്ലാവരും പറഞ്ഞത് ഒന്നും ചെയ്യാൻ കഴിയില്ല പണം അടക്കണമെന്നാണ് . അതേ സമയം ഞങ്ങൾ പണമടക്കാൻ ശ്രമിച്ചെങ്കിലും അത്രയും വലിയ തുക ഒറ്റയടിക്ക് പണമായോ, അക്കൗണ്ട് ട്രാൻസ്ഫർ വഴിയോ നൽകാൻ കഴിയുമായിരുന്നില്ല പിറ്റേ ദിവസം ബാങ്ക് തുറക്കുക തന്നെ വേണം. ഒടുവിൽ അവസാന ശ്രമമായി ഞങ്ങൾ ഹരിപ്പാട് എം എൽ എ ബഹുമാനപ്പെട്ട രമേശ്‌ ചെന്നിത്തല സാറിന്റെ ഫോണിലേക്ക് നേരിട്ട് വിളിച്ചു. ആ സമയമായിരുന്നിട്ടും ആദ്യ ബെല്ലിൽ തന്നെ അദ്ദേഹം ഫോണെടുത്തു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അഞ്ച് മിനിറ്റിനുള്ളിൽ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോൺ വെച്ചു. രാത്രിയായതിനാലും ഇലക്ഷൻ തിരക്കുകളായതിനാലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ കൃത്യം ആറാമത്തെ മിനുട്ടിൽ തിരിച്ചു അദ്ദേഹത്തിന്റെ കോൾ വന്നു. ” ഞാൻ സംസാരിച്ചിട്ടുണ്ട് ബോഡി ഇപ്പോൾ വിട്ടു തരും ” എന്ന് പറഞ്ഞു. നടന്നു കൗണ്ടറിൽ എത്തിയ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി.” Bill Cleared ” എന്നെഴുതിയ പേപ്പറാണ് ഞങ്ങൾക്ക് നേരെ നീട്ടുന്നത്. അപ്പോൾ തന്നെ ധന്യയുമായി ഞങ്ങൾക്ക് അവിടെ നിന്നും യാത്രതിരിക്കാൻ സാധിച്ചു.

അദ്ദേഹത്തെ സംബന്ധിച്ച് ചെയ്തു തന്നത് വളരെ ഒരു ചെറിയ കാര്യമായിരിക്കാം പക്ഷെ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇതിനേക്കാൾ വലിയ ഒരു സഹായം ഇനി ആർക്കും ചെയ്തു തരാനാകില്ല. കാരണം അതായിരുന്നു ഞങ്ങളുടെ അപ്പോഴത്തെ സാഹചര്യം പണം അക്കൗണ്ടിൽ ഉണ്ടായിരുന്നിട്ടും രാത്രി ആയതിനാൽ തുക അടക്കാൻ പറ്റാത്ത അവസ്ഥ.അദ്ദേഹത്തിൻ്റെ ഒറ്റ വിളിയിൽ ബോഡി വിട്ടു കിട്ടി ഇങ്ങനെ ഒരവസരത്തിൽ സഹായിച്ചതിന് ഞങ്ങളുടെ കുടുംബത്തിന് രമേശ്‌ ചെന്നിത്തല സാറിനോടുള്ള നന്ദി അറിയിക്കുന്നു. ഞങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്നവർ ആയിരുന്നിട്ടും ഞങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ലായിരുന്നിട്ടും അടിയന്തിരമായി ഞങ്ങളെ സഹായിച്ചു. ഈ ഒരവസരത്തിൽ ഇത് പറഞ്ഞില്ല എങ്കിൽ അത് നന്ദികേടായി പോകും. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി

Related Articles

Back to top button