70 ലക്ഷം അടിച്ചത് ബംഗാളിക്ക്… നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്….
ബംഗാളികളുടെ ഗൾഫാണ് കേരളമെന്ന് പറയാറുണ്ട്. മലയാളികൾ ഗൾഫിൽ ജോലിക്ക് പോകുന്നത് പോലെയാണ് ഉത്തരേന്ത്യക്കാരും, കിഴക്കേ ഇന്ത്യക്കാരും കേരളത്തിലേക്ക് വരുന്നത്. മലയാളികൾക്ക് ഗൾഫിൽ കോടികളുടെ ജാക്ക്‌പോട്ട് അടിക്കുമ്പോൾ, ബംഗാളികൾക്ക് അടിക്കുന്നത് കേരള ലോട്ടറിയാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ഉത്തം ബർമാനെന്ന ബംഗാൾ സ്വദേശിക്ക് അടിച്ചത് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ബംഗാളിക്ക് അടിച്ചത്. എന്നാൽ സമ്മാനം തനിക്കാണെന്ന് മനസിലാക്കിയ നിമിഷം ബംഗാളി കാണിച്ച വിവേകമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അഞ്ച് വർഷം മുൻപാണ് കെട്ടിട പണികൾ ചെയ്യുന്നതിനായി ബംഗാളിൽ നിന്നും ഉത്തം ബർമാൻ കേരളത്തിലെത്തിയത്. കേരള ലോട്ടറി എടുക്കുന്ന പതിവുളള ഇയാൾ ഇപ്പോൾ കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് ജോലി ചെയ്യുന്നത്. ഇവിടെ ലോട്ടറി വിറ്റിരുന്ന സ്ത്രീയിൽ നിന്നുമാണ് രാവിലെ ജോലിക്ക് പോകുന്ന സമയം ലോട്ടറി എടുത്തത്. എന്നാൽ പിറ്റേന്ന് രാവിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ പത്രത്തിലെ ഭാഗ്യക്കുറി ഫലം പരിശോധിച്ചപ്പോഴാണ് തന്റെ കൈവശമുള്ള ടിക്കറ്റായ എ എക്സ് 170874 നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് ഉത്തം ബർമാന് മനസിലായത്. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വിട്ടത് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ. ഇവിടെ എത്തി എസ് ഐ ആശയോട് കാര്യം പറഞ്ഞു. പത്രത്തിൽ നമ്പർ പരിശോധിച്ചതോടെ മുന്നിൽ നിൽക്കുന്ന ബംഗാളി ലക്ഷാധിപതിയാണെന്ന് പൊലീസിനും മനസിലായി.
തുടർന്ന് ബാങ്ക് തുറക്കുന്നത് വരെ സ്റ്റേഷനിൽ ഇരുത്തിയ ഉത്തം ബർമാനെ പൊലീസ് ജീപ്പിൽ സുരക്ഷിതമായി പൊലീസ് ബാങ്കിൽ എത്തിക്കുകയായിരുന്നു. ഉത്തം ബർമാൻ സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപിച്ചു.