രണ്ട് ദിവസം മുൻപ് കാണാതായി.. 7 വയസുകാരൻ കാറിനുള്ളിൽ മരിച്ച നിലയിൽ..

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കാണാതായ 7 വയസുകാരൻ മരിച്ച നിലയിൽ. പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായി രണ്ടാം ദിവസമാണ് മൃതദേഹം ലഭിക്കുന്നത്. ഒളിച്ചു കളിക്കുന്നതിനിടെ കുട്ടി എസ് യു വി വാഹനത്തിനുള്ളിൽ കുടുങ്ങി പുറത്തിറങ്ങാൻ കഴിയാതെ മരിച്ചതായിരിക്കാമെന്ന് പൊലീസ് പറയുന്നു. ഷൺമുഖവേലൻ എന്ന 7 വയസുകാരനായ കുട്ടിയാണ് മരിച്ചത്. മുത്തശ്ശിയെ കാണാൻ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു കുട്ടി. എന്നാൽ തിരക്കിനിടയിൽ കുട്ടിയെ കാണാതായി. അപ്പോൾ തന്നെ ഒരുപാട് തിരഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ പരിശോധന നടത്തിയിരുന്നില്ല. കളിക്കുന്നതിനിടെ കുട്ടി തന്നെ എസ്‌യുവിയിൽ കയറി അബദ്ധത്തിൽ ലോക്ക് ആയിപ്പോയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ക്ഷേത്രത്തിന് ചുറ്റും ഉച്ചത്തിൽ പാട്ട് വച്ചിരുന്നതിനാലും, മറ്റു ബഹളം കാരണവും കുട്ടി സഹായത്തിനായി ഒച്ചയുണ്ടാക്കിയാൽ പോലും ആരും കേട്ടിട്ടുണ്ടാകില്ലെന്നും പൊലീസിന്റെ നിഗമനം. പ്രദേശത്തെ ഒരു ഡോക്ടറുടേതാണ് എസ് യു വി കാർ. പ്രാഥമിക അന്വേഷണത്തിന് ശേഷം ദുരൂഹത ഉണ്ടാകാനുള്ള മറ്റ് സാധ്യതകൾ പൊലീസ് തള്ളിക്കളയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളതായും പൊലീസ് കൂട്ടിച്ചേ‌‍ർത്തു.

Related Articles

Back to top button