60 കാരിയുടെ വീട്ടിൽ 61 ശിഖരങ്ങൾ ഉള്ള കഞ്ചാവ് ചെടി… വാങ്ങാൻ പണം കൂടുതൽ ആയതിനാൽ നട്ടു വളർത്തി….
കൊല്ലം കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് നട്ട് വളർത്തിയ കഞ്ചാവ് ചെടി പിടികൂടി. കഞ്ചാവ് ചെടി വളർത്തിയ അറുപതുകാരിയായ മേലില കണിയാൻകുഴി സ്വദേശിനി തുളസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുമുറ്റത്ത് തഴച്ചുവളർന്നു നിൽക്കുകയായിരുന്നു കഞ്ചാവ് ചെടിക്ക് 10 അടിയിലധികം ഉയരമുണ്ട്. വീടിന്റെ മുൻവശത്തായിരുന്നു കഞ്ചാവ് ചെടി നിന്നിരുന്നത്. 61 ശിഖരങ്ങൾ ഉൾപ്പെടെ പൂർണ്ണവളർച്ചയെത്തിയ കഞ്ചാവ് ചെടി പരിപാലിച്ചു പോന്നിരുന്നത് തുളസി എന്ന വീട്ടമ്മയാണ്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി എ സഹദുള്ളക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീയാണെന്നും, ഇവരുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഞ്ചാവ് വാങ്ങി ഉപയോഗിക്കാൻ കൂടുതൽ പണം വേണ്ടതിനാലാണ് പ്രതി ചെടി നട്ടുവളർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി തുളസിയെ റിമാൻഡ് ചെയ്തു.