സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു..സ്കൂളിൽ 6 വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു..
മൂന്നാർ ദേവികുളത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്കാണ് ഇന്നലെയും ഇന്നുമായി നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് ഒരു കുട്ടിക്കും ഇന്ന് രാവിലെ അഞ്ചുപേർക്കുമാണ് കടിയേറ്റത്. എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഇന്നലെ വൈകുന്നേരം സ്കൂൾ അങ്കണത്തിൽ വച്ച് കടിയേറ്റത്. ഹയർസെക്കൻഡറി വിദ്യാർത്ഥികളായ 5 പേരെ സ്കൂളിലേക്ക് വരും വഴി നായ ആക്രമിക്കുകയായിരുന്നു
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാണ്. കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ ഇന്നലെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെയാണ് തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ചെവിയിലും കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അയൽവാസികൾ ഏറെ പ്രയാസപ്പെട്ടാണ് ഒടുവിൽ കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ മെഡിക്കൽ കൊളേജിലെത്തിച്ചു. കുട്ടി ഇപ്പോഴും അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കണ്ണൂരിൽ അഞ്ച് വയസ്സുകാരനെ പേവിഷബാധ ലക്ഷണങ്ങളോടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളുടെ കുട്ടിയെ, കഴിഞ്ഞ മെയ് 31നാണ് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്തു നിന്ന് കടിയേറ്റത്.വലത് കണ്ണിനും ഇടതു കാലിനുമായിരുന്നു കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിനേഷൻ എടുത്തു. എന്നാൽ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു. ഇപ്പോൾ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ് കുട്ടി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ വ്യാപകമായി കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായി. 70ലധികം പേരാണ് നായയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സ തേടിയത്.