‘സംഘത്തിൽ 6 പേർ, ഇവർ കാറിൽ നിന്ന് ഇറങ്ങിപ്പോയത് ഞാൻ ഉറങ്ങുന്നതിനിടെ’..
തട്ടിക്കൊണ്ടുപോയ സംഘത്തിൽ 6 പേരാണ് ഉണ്ടായിരുന്നതെന്ന് കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷൻ. ആരും ഉപദ്രവിച്ചിട്ടില്ല. മൈസൂരുവിലേക്കാണ് തന്നെ കൊണ്ടുപോയത്. തിരികെ വിടുമ്പോൾ കാറിൽ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്. താൻ ഉറങ്ങുന്നതിനിടെയാണ് ഇവർ കാറിൽ നിന്ന് ഇറങ്ങിപ്പോയത്. ടാക്സി ഡ്രൈവർക്ക് തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് പറയരുതെന്നാണ് പൊലീസ് പറഞ്ഞതെന്നും അന്നൂസ് റോഷൻ പ്രതികരിച്ചു.
തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസത്തിന് ശേഷമാണ് മലപ്പുറം മോങ്ങത്തു വെച്ചു പൊലീസ് യുവാവിനെ കണ്ടെത്തിയത്. മൈസൂരുവിൽ പാർപ്പിച്ചിരുന്ന യുവാവിനെ പ്രതികൾ ടാക്സി കാറിൽ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.