55 കാരിയുടെ പിത്താശയത്തില്‍ നിന്ന് കണ്ടെത്തിയത്…

ദീര്‍ഘകാലമായി പ്രമേഹരോഗിയായിരുന്നു അമ്പത്തിയഞ്ചുകാരിയായ സ്ത്രീ. ദഹനമില്ലെന്നും ഗ്യാസ്ട്രബിളാണെന്നും പരാതിപ്പെട്ടാണ് ഇവർ ആശുപത്രിയിലെത്തിയത്. എന്നാൽ സ്കാനിംഗ് ചെയ്തുനോക്കിയപ്പോള്‍ ഇവരുടെ പിത്താശയത്തില്‍ നിറയെ കല്ലുകളുണ്ടെന്ന് കണ്ടെത്തി.

ഇതോടെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ പിത്താശയത്തില്‍ നിന്ന് 1200ഓളം കല്ലുകള്‍ നീക്കം ചെയ്തുവെന്നാണ് വാര്‍ത്ത. എന്നാല്‍ ശസ്ത്രക്രിയ നടത്തുമ്പോഴും ഇത്രയധികം കല്ലുകള്‍ പിത്താശയത്തിനകത്തുണ്ടായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ കുതിയില്ല. ചെറുതും വലുതുമായി 1200 കല്ലുകള്‍ കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ പോലും ഞെട്ടുകയായിരുന്നു. പ്രമേഹം തന്നെയാണ് ഇവര്‍ക്ക് വില്ലനായി വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചെന്നൈയിലാണ് സംഭവം.

‘എന്‍റെ 20 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഞാൻ ഇങ്ങനെയൊരു കേസ് അറ്റൻഡ് ചെയ്തിട്ടില്ല. നാല്‍പത് കടന്ന – അമിതവണ്ണമുള്ള സ്ത്രീകളില്‍- പ്രത്യേകിച്ച് പ്രമേഹരോഗികളില്‍ പിത്താശയത്തില്‍ കല്ലുകളുണ്ടാകാൻ സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ ഇത്രയധികം കാണുന്നത് അപൂര്‍വം തന്നെ. ഈ സ്ത്രീക്ക് കഴിഞ്ഞ് 12 വര്‍ഷമായി പ്രമേഹമുണ്ട്…’ – ഇവരെ ചികിത്സിച്ച ഡോ. ബ്രിജേന്ദ്ര കുമാര്‍ ശ്രീവാസ്തവ് പറയുന്നു.

ഇപ്പോഴെങ്കിലും ഇവര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയില്ലായിരുന്നുവെങ്കില്‍ ഇവരുടെ പിത്താശയം തകരുകയോ ക്യാൻസര്‍ ബാധിക്കുകയോ വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യതകളേറെയായിരുന്നുവെന്നും ഡോ. ബ്രിജേന്ദ്ര കുമാര്‍ ശ്രീവാസ്തവ് പറയുന്നു.

പ്രമേഹം അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് ഹൃദയത്തെയും, വൃക്കകളെും, കണ്ണുകളെയുമെല്ലാം ബാധിക്കും. ചിലരില്‍ അണുബാധ അധികരിച്ച് വിരലുകളോ കാലോ തന്നെയും മുറിച്ചുമാറ്റേണ്ട അവസ്ഥയും ഉണ്ടാകാം. എന്നാല്‍ പ്രമേഹം നിയന്ത്രിച്ച് മുന്നോട്ടുപോകാനായാല്‍ ഈ വെല്ലുവിളികളെയെല്ലാം എളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ. പ്രമേഹമുള്ളവര്‍ അമിതവണ്ണം വരാതെയും സൂക്ഷിക്കുക.

Related Articles

Back to top button