54 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ….
കര്‍ണാടക-കേരള അതിര്‍ത്തി ചെക്കുപോസ്റ്റ് ആയ ബാവലിയില്‍ എക്സൈസിന്റെ എം.ഡി.എം.എ വേട്ട. 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര് മന്‍സില്‍ നിയാസ് (30), മാട്ടൂല്‍ സെന്‍ട്രല്‍ ഇട്ട പുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ് (24) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനക്കായാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പിടിയിലായ യുവാക്കള്‍ പറഞ്ഞതായി എക്സൈസ് അറിയിച്ചു. കേസില്‍ ഒന്നാം പ്രതിയായ നിയാസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 52.34 ഗ്രാം എം.ഡി.എം.എയും ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിന്റെ ഹാന്‍ഡ് റെസ്റ്റിന്റെ താഴെ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായിരുന്നു 2.05 ഗ്രാം എം.ഡി.എം.എ. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്നാണ് എക്സൈസിന്റെ നിഗമനം. പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐ പാഡും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.