ജൂനിയേഴ്സിനെ റാഗ് ചെയ്ത 5പേർ റിമാൻഡിൽ..റാഗിംഗ് നടത്തിയയെന്ന് സമ്മതിച്ച് വിദ്യാർത്ഥികൾ…
കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സീനിയർ വിദ്യാർത്ഥികൾ റിമാൻഡിൽ. പരാതിക്കാരായ വിദ്യാർത്ഥികളെ പ്രതികൾ കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും നഗ്നരാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്നു മാസത്തിലധികം ഉപദ്രവം തുടർന്നതോടെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്.
സമാനതകളില്ലാത്ത ക്രൂരതയാണ് കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്നത്. ഒന്നാംവർഷ വിദ്യാർഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചത് അതിപ്രാകൃതമായ രീതിയിൽ. മുതിർന്ന വിദ്യാർത്ഥികൾ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയാണ് അക്രമം അഴിച്ചുവിട്ടത്. പരാതിക്കാരായ വിദ്യാർഥികളെ ഹോസ്റ്റൽ മുറിക്കുള്ളിൽ കട്ടിലിൽ കിടത്തി കയ്യും കാലും കെട്ടിയിട്ട് ശരീരത്തെ കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. മുറിവിൽ നിന്നും ചോര വരുന്ന അവിടെ ബോഡി ലോഷനും ക്രീമുകളും തേച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗത്ത് ഡമ്പലുകൾ തൂക്കിയിട്ട് ഉപദ്രവിച്ചു. കോളേജ് അധികൃതർക്ക് പരാതി നൽകിയാൽ വീണ്ടും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഇത് തുടരുകയായിരുന്നു. ആറു വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. അതിക്രമം സഹിക്ക വയ്യാതെ വന്നതോടെ മൂന്നു വിദ്യാർഥികൾ കോളേജിലെ ആന്റി റാഗിംഗ് സെല്ലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പാളാണ് ഗാന്ധിനഗർ പൊലീസിൽ പരാതി കൈമാറിയത്.