448 പേര് കൂടി പോലീസ് സേനയിലേയ്ക്ക്….മുഖ്യമന്ത്രി പിണറായി വിജയന് തൃശ്ശൂരില്‍ അഭിവാദ്യം സ്വീകരിച്ചു….
പരിശീലനം പൂര്‍ത്തിയാക്കിയ 448 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ഇന്നു വൈകിട്ട് നടന്ന ചടങ്ങില്‍ കേരള ആംഡ് വനിതാ പോലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായത്.
ശ്രീക്കുട്ടി എം.എസ് പരേഡ് കമാൻ്ററും അമൽ രാജു സെക്കൻ്റ് കമാൻ്ററും ആയിരുന്നു. മികച്ച ഇൻഡോർ കേഡറ്റായി രേണുക എം.എസ്, അമിത്ത് ദേവ് എന്നിവരും ഷൂട്ടറായി ഐശ്വര്യ കെ.എ, അഫിൻ ബി. അജിത്ത് എന്നിവരും ഔട്ട് ഡോർ കേഡറ്റായി ശ്രീക്കുട്ടി എം.എസ്, അമൽ രാജു എന്നിവരും ഓൾ റൗണ്ടർമാരായി ശ്രീക്കുട്ടി. എം. എസ്, സൂരജ് ബാബുരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഒന്‍പതുമാസത്തെ അടിസ്ഥാനപരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് ഔട്ട്ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഡ്രില്‍, ലാത്തി, മോബ് ഓപറേഷന്, ബോംബ് ഡിറ്റക്ഷന്‍, സെല്‍ഫ് ഡിഫന്‍സ്, കരാട്ടെ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നല്കി. ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ്, ജംഗിള്‍ ട്രെയിനിംഗ് എന്നിവയ്ക്ക് പുറമെ അത്യാധുനിക ആയുധങ്ങളില്‍ ഫയറിംഗ് പരിശീലനവും നല്‍കിയിട്ടുണ്ട്.
പ്രളയക്കെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ വിദഗ്ധരും ഇവര്‍ക്ക് പരിശീലനം നല്കി. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഭാരതീയ ന്യായ സന്ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്ഹിത, ഭാരതീയ സുരക്ഷാ അധിനിയം എന്നിവയില്‍ പരിശീലനം സിദ്ധിച്ച ആദ്യത്തെ പോലീസ് കോണ്‍സ്റ്റബിള്‍ ബാച്ചും ഇതാണ്.