ചുഴലിക്കാറ്റിൽ വൻ നാശം.. 40 പേർ മരിച്ചു.. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡന്റ്….
നാലിടത്തായി വീശിയടിച്ച ചുഴലിക്കാറ്റിൽ മരണം 40 ആയി.അമേരിക്കയിൽ വെള്ളിയാഴ്ച മുതൽ വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് മിസോറിയിലാണ്. ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതും മിസോറിയിലാണ്. ഇതുവരെ 12 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ടെക്സസിലും കൻസാസിലും ശക്തമായി വീശിയടിച്ച പൊടിക്കാറ്റിന്റെ ഫലമായി വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപേർ മരിച്ചു. ഒക്‌ലഹാമയിൽ ചുഴലിക്കാറ്റിന്റെ ഫലമായി കാട്ടുതീ പടർന്നതായി റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 133 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ യുഎസിൽ വിവിധ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു.കൊടുങ്കാറ്റ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ നാഷണൽ ഗാർഡിനെ അർക്കാൻസാസിൽ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഭയാനകമായ കൊടുങ്കാറ്റ് ബാധിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.