റസ്റ്റോറൻറ് മാലിന്യങ്ങൾ ഇടാനെടുത്ത കുഴിയിൽ വീണത് 35 കാരൻ…രാത്രിയിൽ നടക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി വീണത് 30 അടി താഴ്ചയിലേക്ക്….

രാത്രിയിൽ നടക്കാനിറങ്ങി 35കാരൻ വീണത് 30 അടിയുള്ള കുഴിയിൽ. തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി കേരള ഫയർഫോഴ്സ്. റസ്റ്റോറന്‍റിനോടനുബന്ധിച്ചു മാലിന്യങ്ങൾ ഇടാനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. വിഴിഞ്ഞത്തിന് സമീപം മുക്കോലയിലാണ് റസ്റ്റോറന്‍റിനായെടുത്ത കുഴിയിൽ യുവാവ് വീണത്.

റസ്റ്റോറന്റിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി വീരസിംഹം (35) ആണ് കാൽ തെറ്റി കുഴിയിൽ വീണത്. യുവാവിനെ വിഴിഞ്ഞം ഫയർഫോഴ്സസാണ് രക്ഷപ്പെടുത്തിയത്. വെളിച്ചക്കുറവുണ്ടായിരുന്ന പ്രദേശത്തായിരുന്നു 30 അടിയോളം താഴ്ച‌യുള്ള മൂടിയില്ലാത്ത കുഴിയുണ്ടായിരുന്നത്. രാത്രിയിൽ കുഴിക്കു സമീപത്തുകൂടി നടന്നു പോകുമ്പോൾ കാലുതെറ്റി കുഴിയിൽ വീരസിംഹം അകപ്പെടുകയായിരുന്നുവെന്നെന്നാണ് ഫയർ ഫോഴ്സ് അധികൃതർ പറയുന്നത്. യുവാവിന്‍റെ നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തി ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് ജിഎസ്എടിഒ ജസ്റ്റിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പ്രദീപ് കുഴിയിൽ ഇറങ്ങി വല,കയർ എന്നിവയുടെ സഹായത്തോടെ യുവാവിനെ മുകളിലെത്തിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ വീരസിംഹനെ ആശുപ്രതിയിലേക്ക് മാറ്റി. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ ഷിജു,അന്‍റു, ഡ്രൈവർ ബിജു, ഹോംഗാർഡ് സ്‌റ്റീഫൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button