30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് പ്രേത വരനെ തേടി പത്രത്തില്‍ പരസ്യം നൽകി മാതാപിതാക്കൾ…
കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്ന ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ ചർച്ച.30 വര്‍ഷം മുമ്പ് മരിച്ച് പോയ മകള്‍ക്ക് വേണ്ടി മരിച്ച് പോയ യുവാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്നുള്ള ഒരു കുടുംബമാണ് തങ്ങളുടെ മുപ്പത് വർഷം മുമ്പ് മരിച്ച മകൾക്ക് ‘കുലേ മദിമേ’ അഥവാ ‘പ്രേത മധുവെ’ എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താൻ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തിൽ അസാധാരണമായ പരസ്യം നൽകിയത്. കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കൾ തമ്മില്‍ നടത്തുന്ന വിവാഹമാണിത്. ഒരാഴ്ച മുമ്പാണ് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘കുലേ മദിമേ’ ചടങ്ങിന് വേണ്ടി മുപ്പത് വർഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാൽ ജാതിയിലും പെട്ട ഒരു ആൺകുട്ടിയെ തേടിയാണ് പത്രപരസ്യം വന്നത്. പരസ്യം പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം 50 ഓളം പേര്‍ ചടങ്ങ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് കുടുംബത്തെ ബന്ധപ്പെട്ടെന്നും പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മരിച്ച മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ പറഞ്ഞു.