30 വര്‍ഷം മുമ്പുള്ള പീഡനം; അതിജീവിതയുടെ മകന്‍റെ ഡി എന്‍ എ തെളിവായി
മുപ്പതോളം വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെണ്‍കുട്ടിക്ക് 12 വയസ് മാത്രമുള്ളപ്പോഴാണ് സഹോദരന്മാരായ മുഹമ്മദ് റാസി, നഖി ഹസന്‍ എന്നിവര്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഗര്‍ഭിണിയായ പെണ്‍കുട്ടി തന്‍റെ 13-ാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മുപ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മകനാണ് പൊലീസില്‍ പരാതി നല്‍കണമെന്ന് അമ്മയെ കൊണ്ട് സമ്മതിപ്പിച്ചത്.
അങ്ങനെ 2020ല്‍ സദാര്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇരുവരും സംഭവങ്ങള്‍ വിവരിച്ച് പരാതി നല്‍കി. പ്രതികളുടെ പേരുകള്‍ പോലും അറിയാതിരുന്നതിനാല്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രതികളുടെ ചിത്രങ്ങളോ ബന്ധപ്പെടാനുള്ള വിവരങ്ങളുടെ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സംഭവം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ ആയതിനാല്‍ തെളിവുകള്‍ ലഭിക്കാനുള്ള പ്രയാസങ്ങളും പൊലീസ് ചൂണ്ടിക്കാട്ടി.
ഇതോടെ അഭിഭാഷകനായ മുഹമ്മദ് മുക്താര്‍ ഖാനെ അമ്മയും മകനും സമീപിച്ചു. അങ്ങനെ 2020 ഓഗസ്റ്റില്‍ സിജിഎം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണം നടത്താനും എഫ്ഐആര്‍ ഫയല്‍ ചെയ്യാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഒടുവില്‍ 2021 മാര്‍ച്ച് 21ന് സംഭവം നടന്ന് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതരായ രണ്ട് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാജഹാന്‍പുരില്‍ നിന്ന് റാസിയെയും ഹസനെയും അറസ്റ്റ് ചെയ്തത്.
2021 ജൂണില്‍ അതിജീവിതയുടെ മകന്‍റെ ഡിഎന്‍എ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഏപ്രില്‍ 2022ലാണ് പ്രതികളുടെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചത്. പരിശോധനയില്‍ നഖി ഹസന്‍റെ ഡിഎന്‍എയും അതിജീവിതയുടെ ഡിഎന്‍എയും ചേരുന്നുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ അതിജീവിതയുടെ മകന്‍റെ പിതാവ് നഖി ഹസനാണെന്ന് തെളിഞ്ഞു. ഇരുവരും ഒളിവില്‍ പോയെങ്കിലും ഹൈദരാബാദില്‍ നിന്ന് ഒടുവില്‍ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.