ശ്രീനന്ദയെ കാണാതായിട്ട് ഇന്നേക്ക് 3 ദിവസം….തിരച്ചിലിനായി 100 അംഗ സംഘത്തെ വിന്യസിച്ചു

കർണാടകത്തിലെ ചിക്കമഗളൂരുവിൽ പാലക്കാട് സ്വദേശിയായ 14 കാരി ശ്രീനന്ദയെ കാണാതായ സംഭവത്തിൽ തിരച്ചിൽ സംഘം വിപുലീകരിച്ചു. ബാബു ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. 100 പേർ അടങ്ങുന്ന സംഘമാണ് ശ്രീനന്ദക്കായി തിരച്ചിൽ നടത്തുന്നത്. പാറക്കെട്ടുകൾക്കിടയിലും ചെങ്കുത്തായ ഇറക്കത്തിലും പരിശോധന നടത്തുകയാണ്.
ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ പുരോഗമിക്കുന്നത്. പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു.



